Monday, 15 April 2019

ഓർമ്മകൾ

ഓർമയിലെപ്പോഴുമോടിക്കളിക്കുന്നു
ഞാൻ താണ്ടിയെത്തിയ പാതയെല്ലാം....
അമ്മതൻ കൈകളിൽ തൂങ്ങിയാടിപോയ വിദ്യാലയ യാത്രയെത്ര ഹൃദ്യം
കാലിടറാതെ ഞാൻ മുന്നോട്ടു നീങ്ങുവാൻ കരുതലോടച്ഛനെൻ പിന്നിലെന്നും
പ്രാർത്ഥനയാം കവചത്തിൽ മുത്തി നൽകിയ കരുതലും സ്നേഹവായ്പ്പും
എന്താ കുറുമ്പിയെന്നോതിലാളിക്കുമെ ന്നമ്മമ തൻ സ്നേഹധാരയെന്നും
ഓണ വിഷുനാളിൽ അച്ഛനും മാമനും തന്നൊരാ കോടിയുടുപ്പുകളും
മാമനോടൊപ്പം മലകേറി കണ്ടൊരാ ആയ്യന്റെ രൂപം മനം നിറയെ !
പമ്പയിൽ നീരാടി വീടണഞ്ഞപ്പോളെൻ വല്യമ്മമ്മ ഹാ !കഷ്ടമിഹ ലോകവാസം വെടിഞ്ഞിരുന്നൂ
നീറുമാജ്ജ്വാലകൾ കാണവേയെൻ കുഞ്ഞ് നയനങ്ങൾ നീരണിഞ്ഞീറനായി....
മോദവുമാധിയുമെല്ലാമൊരുപോലെ പങ്കിട്ടെടുക്കുന്ന കൂടെപ്പിറപ്പുമെൻ സൗഭാഗ്യകാലത്തെ സമ്പന്നമാക്കിയോർ ഇന്നെന്നെ പുണരുമീ കുഞ്ഞിളം കൈകളെൻ
ബാല്യകാല നന്മനാളുകളെ എന്നിലേക്കെത്തിപ്പൂവീണ്ടു,മ വയൊക്കെ നിങ്ങൾക്കു ഞാനിതാ നൽകുന്നൂ കാത്തുവെക്കാൻ !

Wednesday, 22 February 2017

രണ്ടു കവിതകൾ

ദിനങ്ങൾ കൊഴിഞ്ഞു പോയ്
വർഷങ്ങൾ കടന്നു പോയ്
ആഴി തൻ ആഴങ്ങളിൽ സൂര്യദേവൻ മടങ്ങുമ്പോൾ
മറക്കാം നമുക്ക കൊഴിഞ്ഞ പുഷ്പങ്ങളെ
മുളക്കാത്ത മുകുളങ്ങളെ
നടക്കാത്ത കിനാക്കളേ ....

കാത്തിരിക്കാമരുണോദയം
 പുതുവസന്തങ്ങളേം
നന്മതൻ കാലൊച്ച കേൾക്കാൻ കാതോർത്തു നില്ക്കാം...

Thursday, 6 October 2016

യേശു ജനിച്ചുവോ

പാരിതിൽ വന്നു പിറന്ന ദെെവമേ
ഉന്നതങ്ങളിൽ വാഴ്ത്തും മഹത്വമേ....
നീ പിറന്നുവോ പുൽകൂടിൻ ലാളിത്യത്തിൽ
മന്നിലെ മനുഷ്യർക്ക് കൂട്ടാകുവാൻ
ലോകർക്ക് വഴികാട്ടാൻ
ജാതമോദം ചേർന്നു ദേവദൂതർ പാടിയന്നാ-
ട്ടിടയർ ചേർന്നുതൊഴുതു നിന്നൂ
ദൂരദേശേനിന്നു വന്നവർആദരാൽ കാഴ്ചവച്ചു നമിച്ചുനിന്നൂ
അസത്യത്തിൻ കോട്ടകളെല്ലാം സത്യപ്രകാശിതമായി
ആശ്രിതർക്കാശ്രയമായി
അജ്ഞാനത്തിൽ അറിവായി
നീ മന്നിൽ നടന്നുവെന്നോ

Wednesday, 27 April 2016

ദിവ്യ സ്വപ്നം

മൂകാംബികാദേവി അനുഗ്രഹം ചൊരിയുന്ന പുണ്യഭൂമിയെൻ മനസ്സിൽ തെളിഞ്ഞൂ
ഉഷസ്സിൻ കുളിർമ്മയിൽ സൗപർണികതന്നിൽ ശക്തിതൻ സാന്നിധൃം ഞാനറിഞ്ഞൂ
നിർമാല്യപൂജയാം ദിവ്യമുഹൂർത്തത്തിൽ ദേവിയെൻ മനസ്സിൽ തെളിഞ്ഞൂ
ആ ദിവ്യശക്തിതൻ പ്രഭയാലെൻ മാനസം ആനന്ദ നിർവൃതിയടഞ്ഞൂ
ദീപസഹസ്രങ്ങൾ കെെകൂപ്പും സന്ധ്യയിൽ
ദീപാരാധനചെയ്വൂ ഞാൻ
പത്മശോഭയേറുമാ തൃപ്പാദത്തിൽ ഞാൻ ഭക്തിയോടെന്നും നമിപ്പൂ
സൗപർണ്ണികാതീര സ്മൃതികളിലലിഞ്ഞു ഞാനാ സ്വർഗ്ഗ ഭൂവിലെത്തി
പ്രകൃതിമനോഹരിയായി ചമഞ്ഞൊരാ വനിക കണ്ടുള്ളം കുളിർത്തൂ

Wednesday, 16 March 2016

തറവാട്

ഓലയും ഓടും ഇഴപാകിനിന്നൊരാ മൺവീട്ടിലാണെൻെറ ബാല്യം
ചുറ്റും ഹരിതാഭ ചേർത്ത് നിന്നന്നൊക്കെ
വാഴയും ചീനിയും തെങ്ങും
മുറ്റത്തെ തെെമാവിൽ പൊൻചാർത്തലുകൾ പോൽ മാമ്പൂകൊലുമ്പുകൾ വിടർന്നിരുന്നൂ
കാക്കയും കുരുവിയും പലതരം കിളികളും ആശ്രയം കണ്ടൊരു പുളിമരവും
കിണറ്റിൻ കരയിലെ ചാമ്പയും മാത്രമോ
പിന്നാമ്പുറത്തൊരു കച്ചിത്തുറ
വീടിൻെറയോരം ചേർന്നൊഴുകിയ കെെതോടും
മണ്ണപ്പം ചുട്ടൊരാ കളിവീടുമിന്നെനിക്കെന്നെന്നും
നല്കുന്നു നല്ലോർമ്മകൾ

Thursday, 10 March 2016

ലോകം

നിലാവറിയാതെ രാവിനു ദുഃഖം
മിഴിനീരറിയാതെ മനസിനു ദുഃഖം
ഗാനത്തിലില്ലാത്ത സംഗീതമധുരം
നയനങ്ങളറിയാത്ത വസന്തഭംഗിപോൽ
മനസ്സറിയാത്ത നൊമ്പരങ്ങളെത്രയോ
പറവകളിലുണരുന്നു പ്രഭാതമായ്
മോഹം
അരുവികളിലുണരുന്നു പുഷ്പമായ് മോഹം 
സുഖമറിയാതെ തേടിനടക്കുന്നു
സ്നേഹം നിലയ്ക്കാതെ പാടി നടക്കുന്നു

Thursday, 25 February 2016

ജന്മാന്തരങ്ങൾ

വൃന്ദാവനത്തിൽ വളരും ചെടികളിൽ
ഒന്നായ് നമുക്ക് വളരാം
വിടരുന്ന പൂവിൻെറയിതളുകളായിട്ടൊരുനാൾ
നമുക്ക് കൊഴിയാം
ആടിക്കളിക്കും സൂനങ്ങളിൽ തേൻ നുകരുന്ന ശലഭങ്ങളാകാം
വിടരുന്ന മുല്ലതൻ മൊട്ടിൻ സുഗന്ധമായ്
എന്നും നമുക്കുറങ്ങീടാം
കാന്തി ചൊരിയുന്ന സൂര്യൻെറ മറ്റൊരു
കിരണമായ് തീരാം നമുക്ക്
വാനിലെ മഴവില്ലിനേഴു
 വർണ്ണങ്ങളിൽ ഒരുവർണ്ണമായ് നമുക്കലിയാം
നിലാവെഴും ചന്ദ്രന്റെ രശ്മിയിൽ
ഹാ നമുക്കുൾ കുളിരോടെ കഴിയാം
പുസ്തക ചുരുളുകൾക്കിടയിൽ മറ്റൊരു പുസ്തകതാളായിരിക്കാം
രാപ്പകലിങ്ങനെ മാറി  വരുമ്പോളതിലൊരു ജന്മമായ് കൂടാം