എന്നെ തഴുകുന്ന കാറ്റിനോടും
ആടി കളിക്കുന്ന പൂവിനോടും
പുഞ്ചിരി തൂകുന്ന പകലിനോടും
നിലാവൊഴുക്കുന്ന രാവിനോടും
എന്നുമെൻമനമാരായുന്നൂ
എന്തേ വരാത്തതീവർഷമേഘം
എന്നുമെൻ കണ്ണുകൾ കാത്തിരിപ്പൂ
നിറമാർന്ന മഴവില്ലിൻ ഭംഗികാണാൻ
എന്നുമെൻ കർണ്ണങ്ങൾ കാത്തിരിപ്പൂ
നിൻ മധുരഗാനമൊന്നാസ്വദിക്കാൻ
ഒരു കാറ്റിലൊത്തിരി കുളിരുമായി
ഇത്തിരി മണ്ണിൻ സുഗന്ധമേറി
വരിക നീ ഒരുനാളിൽ എന്നരികിൽ
എൻ മൗനഗാനത്തിന് താളമാകാൻ
നീവരൂ ഭൂമിക്ക് സാന്ത്വനമായ്
ആത്മാവിനുള്ളിലെ പുളകമാകാൻ
നീയെൻ സവിധത്തിൽ വേഗമെത്തൂ
ഞാനെന്നും കാത്തിരിപ്പൂ നിനക്കായ്
നിൻവർഷ ബിന്ദുക്കൾ
എന്നിൽ പതിക്കുമ്പോൾ
എന്നിൽ വിടരുമൊരു ചെറുപുഞ്ചിരി
ആ സുഖ സ്പർശത്തിലലിഞ്ഞു
സുന്ദര സ്വപ്നം പോൽ ഞാനിരിക്കും
അർക്കരശ്മികളെന്നെ തലോടുമ്പോൾ ഞാനുണരും നിനക്കായ് കാത്തിരിക്കും.