Tuesday, 29 December 2015

നീയെന്നെ തേടുമ്പോൾ

ഒരു രാത്രിതൻ യാമത്തിൽ നീയെന്നെ തേടുമ്പോൾ
നിലാവുള്ള  രാത്രിതൻ നിറമുള്ള വാനിൻെറ
സഹചാരിയാം വെൺമേഘത്തിൽ നീയെന്നെ തേടുമ്പോൾ
താരണി രാവിൽ നിന്നുള്ളിലുറയുമാ
വർഷബിന്ദുവായ് ഞാൻ നിന്നിലലിയും
ഇനിയുമറിയാത്ത എന്നെ  നീ നിൻ കണ്ണുകളാൽ തേടുമ്പോൾ
നിൻ മിഴികളിലൂറിയ സ്വപ്നമായ്
എൻ ആത്മാവ് നിന്നിലലിയും
അനന്തമാം ശബ്ദതരംഗമാംലോകത്തിൽ
നീയെൻ സ്വരം മാത്രം തേടുമ്പോൾ
സ്നേഹഗീതികൾ പാടും രാകുയിലേകും
മോഹവീണയിലൂടെ ഞാൻ നിന്നിലലിയും
മേനി രണ്ടാകിലും മാനസമൊന്നു താൻ
നിന്നിലുമെന്നിലുമറിയൂ
വിധിതൻ കരങ്ങളാൽ
തീർത്ത കാലമണയുമ്പോൾ
നിൻ സവിധത്തിൽ ഞാനെത്തും
നിൻ സ്വപ്നദീപത്തിലെണ്ണ പകരുവാൻ
ജന്മാന്തരങ്ങളൊരായിരമായാലും
പൊട്ടില്ല സ്നേഹത്തിൻ
സ്വർണ്ണചരടൊരിക്കലും


Monday, 21 December 2015

വിദ്യാദേവി


സൂരൃബിംബം തലകുനിക്കും മന്ദഹാസത്തോടെ ശാന്തിതൻ വർണമാം
ശുഭ്രവസ്ത്രമണിഞ്ഞ്
സംഗീതത്തിൻ മാധുരി വിതറും വീണാധാരിണിയായി
വെള്ളതാമരയിലിരിക്കുമാ വാഗീശ്വരിദേവി
സംഗീതത്തിൻ ആത്മാവായി വിലസുന്നൂ എന്നും
ലോകശക്തിയായ് ലോകരെല്ലാം നിന്നെ നമിക്കുന്നൂ
നല്ലമനസിൽ വിളങ്ങുന്നെന്നും വിദ്യാ രൂപത്തിൽ
നിൻതിരുപാദം വീണു നമിപ്പൂ ഈ ഞാൻ എന്നെന്നും.


Saturday, 7 November 2015

ചിന്തകൾ

നിശീഥിനി നിൻ ഏകാന്തമാം യാമങ്ങളിൽ നിന്നു ഞാൻ വേദനയോടിതാ വിടചൊല്ലുന്നു
എൻെറ മനസിൽ വിരിഞ്ഞതലതൊട്ടപ്പനെ ഇന്നാരോ തട്ടി തെറിപ്പിച്ചു

Thursday, 5 November 2015

നിനക്കായ്

എന്നെ തഴുകുന്ന കാറ്റിനോടും
ആടി കളിക്കുന്ന പൂവിനോടും
പുഞ്ചിരി തൂകുന്ന പകലിനോടും
നിലാവൊഴുക്കുന്ന രാവിനോടും
എന്നുമെൻമനമാരായുന്നൂ
എന്തേ വരാത്തതീവർഷമേഘം
എന്നുമെൻ കണ്ണുകൾ കാത്തിരിപ്പൂ
നിറമാർന്ന മഴവില്ലിൻ ഭംഗികാണാൻ
എന്നുമെൻ കർണ്ണങ്ങൾ കാത്തിരിപ്പൂ
നിൻ മധുരഗാനമൊന്നാസ്വദിക്കാൻ
ഒരു കാറ്റിലൊത്തിരി കുളിരുമായി
ഇത്തിരി മണ്ണിൻ സുഗന്ധമേറി
വരിക നീ ഒരുനാളിൽ എന്നരികിൽ
എൻ മൗനഗാനത്തിന് താളമാകാൻ
നീവരൂ ഭൂമിക്ക് സാന്ത്വനമായ്
ആത്മാവിനുള്ളിലെ പുളകമാകാൻ
നീയെൻ സവിധത്തിൽ വേഗമെത്തൂ
ഞാനെന്നും കാത്തിരിപ്പൂ നിനക്കായ്
നിൻവർഷ ബിന്ദുക്കൾ
എന്നിൽ പതിക്കുമ്പോൾ
എന്നിൽ വിടരുമൊരു ചെറുപുഞ്ചിരി
ആ സുഖ സ്പർശത്തിലലിഞ്ഞു
സുന്ദര സ്വപ്നം പോൽ ഞാനിരിക്കും
അർക്കരശ്മികളെന്നെ തലോടുമ്പോൾ ഞാനുണരും നിനക്കായ് കാത്തിരിക്കും.

ചിങ്ങപുലരിയിലൊരോണം

ഓണമായോണമായ്
പൊൻതിരുവോണമായ്
ഓണഗീതങ്ങൾ തൻ ഉൗഴമായ്
മഞ്ഞകോടിയുടുത്തുനടന്നൊരു ചിങ്ങപ്പുലരിയെന്നോർമ്മയിലെത്തിയൊരോണം
എങ്ങോ പൊയ്പോയ സൗഭാഗ്യ കാലത്തിൻ സ്മൃതിയുമായ്
അറിയാതെ മൂളീയ ഏതോ വരികൾ തൻ താളമായ് വന്നണയുന്നൂ ഓണം
പൂക്കൾപറിക്കുവാനോടി നടന്നൊരു സ്വപ്നമായ്മാറിയിന്നെൻെറ ഓണം
ഒത്തൊരുമിച്ച് ചിരിച്ചുല്ലസിച്ചൊരാ
ഒരുമതൻസ്മരണയായിവന്നുവോണം
തുമ്പയും തുളസിയും കെെകോർത്തു നിന്നൊരാപൂക്കാലമോർക്കുന്നു എൻെറ ഓണം
ബാലൃമെഴുതിയോരാപൂക്കളത്തിലെ
വർണങ്ങളായ് മാറിയിന്നെൻെറഓണം
ഇൗറനുടുത്തൊരമ്പലദർശനചന്ദനഗന്ധമുർണത്തും ഓർമ്മയായ് വന്നണയുന്നു വീണ്ടുമൊരോണം
പൊയ്പോയബാലൃത്തിൻനല്ലോർമ്മകൾ തൻ സ്മൃതിതന്നണയുന്നു തിരുവോണം