Monday, 18 January 2016

താഴ്വര

നറുനിലാവിൻ പുഞ്ചിരിയുമായ്
എന്നുള്ളിലൊരു കൊച്ചു താഴ്വര
പൂത്ത്തളിർത്തൊരാ വൻമരകൂട്ടങ്ങൾ
ആശ്രയമേകുന്നു കുഞ്ഞു ലതകൾക്കായ്
തേനുണ്ട് രസിക്കും വണ്ടിൻ കൂട്ടവും
പുൽചെടിതുമ്പിലെ മഞ്ഞിൻ കണങ്ങളും
അഴകോടൊഴുകുമാ കൊച്ചരുവിയും
പൂക്കളോടുല്ലസിച്ച് പുൽനാമ്പിനോട് കഥ പറഞ്ഞ്
ഞാനാസ്വപ്നതാഴ്വരയിൽ
ഒരു ചെറുചില്ലതൻ സ്പർശം എന്നിലൊരായിരം സാന്ത്വനമായി
പൊഴിയും പുഷ്പങ്ങളെന്നിൽ
ഒരായിരം വർണ്ണങ്ങളായി
എത്ര സൂനങ്ങൾ ചിരിച്ചുല്ലസ്സിക്കുന്നു
എത്ര മണ്ണിൽ നിശ്ചലമമർന്നുപോയ്
 പൂത്തൂവിടർന്നൊരാപൂവുകൾ കാണുമ്പോൾ
പൂവണിനിലാവത്തു താരകൾ ചിരിക്കുമ്പോൾ
മഞ്ഞിൻകണം നിലാവത്ത് മിന്നിതിളങ്ങുമ്പോൾ
എൻ മനസ്സിൽ വിടരുന്നു ഓംകാര മന്ത്രങ്ങൾ ശാന്തിതൻ ഓളങ്ങൾ .

Thursday, 14 January 2016

മേഘമേ പറയുമോ

നീലാകാശത്തിൻ ശോഭയായി
ഒഴുകി നടക്കുന്ന വെൺമേഘമേ
അർക്കനെ തേടി അലഞ്ഞു നടക്കും നീ നിൻ ശോഭയെത്രയെന്നറിയുന്നുവോ 
കാണാതെയാകുമ്പോൾ ദുഖത്താൽ നീ
ശ്യാമവർണ്ണാംഗയായ് മാറിടുന്നു
എങ്കിലും നീ നിത്യശോഭയായി
വിണ്ണിലെന്നും വിളങ്ങീടുന്നൂ
നീ തൂകും കണ്ണീർതുള്ളിയൊരു
വാർമഴയായ് മണ്ണിലലിഞ്ഞുവല്ലോ
ദിനകര കിരണങ്ങൾ കണ്ടിടുമ്പോൾ
നിൻ പുഞ്ചിരിയായ് മഴവില്ലുണർന്നു
ആയതിൻ സപ്ത വർണ്ണങ്ങളാലേ
നിൻ ഹർഷമോദങ്ങൾ കാണായല്ലോ
സൂര്യകിരണത്താൽ നിൻ ശോഭ 
 എത്രയോ സുന്ദരമായി മാറി
വിടപറഞ്ഞകലുന്ന സൂര്യബിംബത്തെ നീ
പരിഭവത്തോടെ അനുഗമിച്ചൂ
അന്നേരം നീ ഹൃദയ വർണ്ണയായ്
വിണ്ണിൻ മുഖഛായ മാറ്റിയല്ലോ
കടലോരമിഥുനങ്ങളതു കണ്ടിട്ട്
കളിവാക്കിതെത്രയോ ചൊന്നിരിക്കാം
വീണ്ടുമാ സൂര്യാഗമനത്തിനായ്
കാത്ത് നീ വിണ്ണിലൊഴുകിടുന്നു

Saturday, 2 January 2016

നെൽപാടം

പുലരിയോരോന്നിലും കെെകോർത്തു നമ്മൾ
നിറഞ്ഞപാടം കടന്നതോർമ്മയില്ലേ
മഞ്ഞകതിരുകൾ ചൂടിയ നെൽപാടവരമ്പിലൂടെ നമ്മൾ ഓടി നടന്നതോർമ്മയില്ലേ
പ്രക്യതിയണിഞ്ഞൊരാ പച്ചപട്ടിൽ
മിഴിതറഞ്ഞു നിന്നതോർമ്മയില്ലേ
ശ്യാമമേഘങ്ങൾ പൊഴിക്കുമാ ജലകണം ചിതറിവീണവെൺമുത്തുകൾ പോലതിലതിലെ
ചിത്രവർണ്ണങ്ങളായ്  മാറിയതോർമ്മയില്ലേ
കുഞ്ഞിളം കാറ്റിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കുമാ നെൽചെടികളിൽ
പുതുമഴ പെയ്തതോർമ്മയില്ലേ
നെല്ലോലകൾ തൻ മർമ്മരം കാതോർത്തതോർമ്മയില്ലേ
ചിത്രശലഭമായ് ഞാൻ പാറിനടന്നൊരാ
വരമ്പുകളെനിക്കിന്നന്യമാകുന്നുവോ
വീണ്ടുമാ സുദിനങ്ങൾക്കായ്
കേഴുന്നിതാ എൻ മനം

Friday, 1 January 2016

അറിയാതെ

പുലരുവാൻ വെമ്പുന്ന രാവിൽ
ഞാനറിയാതിരുന്നൊരാ സ്നേഹം
അറിയാതെ അറിയുന്ന സ്നേഹമായ്
എന്നിലലിയാതെയലിയുന്നുവോ

കേൾക്കുവാൻ കൊതിക്കുന്ന വാക്കുകൾ
ഞാനറിയാതെ കർണ്ണത്തിൽ വീണുവോ
അറിയാതെ പറയുന്ന കവിതയായ്
എന്നിൽ നിറയാതെ നിറയുന്നുവോ

തീരാത്ത തീരാത്ത നോവുകളിൽ
ഞാനറിയാതെ ഉഴലുന്നനേരം
അറിയാതെ വീഴുന്ന മഴയായ്
എന്നിൽ പെയ്യാതെ പെയ്യുന്നുവോ

കാത്തിരിക്കുന്നൊരാ മധുരം
ഞാനറിയാതെ അധരത്തിൽ കിനിയുന്നുവോ
നുകരാതെ നുകരുന്ന തേനായ്
എന്നിൽ ഒഴുകാതെ ഒഴുകുന്നുവോ

കാണാൻ വെമ്പുന്ന ജീവൻ
ഞാനറിയാതെ എന്നരികിലെത്തിയോ
പൂക്കാതെ പൂക്കുന്ന മോഹമായ്
എന്നിൽ വിരിയാതെ വിരിയുന്നുവോ.